10:09pm 01 October 2026
NEWS
പാചക എണ്ണയുടെ പുനരുപയോഗം തടയാൻ ഓപ്പറേഷൻ തെളിമ 74 സ്ഥാപനങ്ങൾ അടപ്പിച്ചു 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു മന്ത്രി കെ മുരളീധരൻ.
01/10/2026  08:34 PM IST
സണ്ണി ലുക്കോസ്
പാചക എണ്ണയുടെ പുനരുപയോഗം തടയാൻ ഓപ്പറേഷൻ തെളിമ 74 സ്ഥാപനങ്ങൾ അടപ്പിച്ചു 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു  മന്ത്രി കെ മുരളീധരൻ.

ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ തെളിമ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ അറിയിച്ചു. സെപ്റ്റംബർ 29, 30 തീയതികളിൽ 14 ജില്ലകളിലും പ്രത്യേക സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ 1834  ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു. ആവർത്തിച്ച് ചൂടാക്കിയതോ ഉപയോഗയോഗ്യമല്ലാത്തതോ ആയ എണ്ണ ഉപയോഗിച്ച സ്ഥാപനങ്ങൾ കണ്ടെത്തി. 1436.4 ലിറ്റർ പാചക എണ്ണ പിടിച്ചെടുത്തു  നശിപ്പിച്ചു. 

എഫ് എസ് എസ് എ ഐ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 74 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.  എഫ് എസ് എസ് എ ഐ നിഷ്കർഷിക്കുന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കണ്ടെത്തിയ 19 സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള അഡ്ജ്യൂ ഡിക്കേഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ശുചിത്വം, ലൈസൻസ്, ഭക്ഷ്യസുരക്ഷാ രീതികൾ എന്നിവയുമായി ബന്ധപ്പെട്ട് പരിശോധനയിൽ കണ്ടെത്തിയ മറ്റു പോരായ്മകൾ പരിഹരിക്കാൻ 147 ഇംപ്രൂവ്മെന്റ്/റെക്റ്റിഫിക്കേഷൻ നോട്ടീസുകളും നൽകി.

വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പലഹാര നിർമാണ യൂണിറ്റുകൾ തുടങ്ങി വൻതോതിൽ എണ്ണപ്പലഹാരങ്ങളും വറുത്ത ഭക്ഷ്യവിഭവങ്ങളും തയ്യാറാക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.

വറുത്ത പലഹാരങ്ങളുടെ നിർമാണവും വിൽപ്പനയും ഏറ്റവും  സജീവമാകുന്ന സമയം കണക്കിലെടുത്ത് വൈകിട്ട് നാലു മുതലാണ് സ്ക്വാഡുകൾ പരിശോധനയ്ക്കിറങ്ങിയത്. ഫുഡ് സേഫ്റ്റി ഓഫീസർമാരും ജീവനക്കാരും ഉൾപ്പെട്ട പ്രത്യേക ജില്ലാ സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.  ടോട്ടൽ പോളാർ കോമ്പൗണ്ട്സ് (ടി.പി.സി.) മീറ്ററുകളും വകുപ്പിന്റെ മൊബൈൽ ഭക്ഷ്യപരിശോധനാ ലബോറട്ടറികളും ഉപയോഗിച്ചാണ് എണ്ണയുടെ ഗുണനിലവാരം വിലയിരുത്തിയത്. 74 സാമ്പിളുകൾ സ്ഥലത്തുവെച്ചുതന്നെ പരിശോധിച്ചു. ഇതുവഴി നിയമ ലംഘനം കണ്ടെത്തിയ ഇടങ്ങളിൽ ഉടനടി നടപടി സ്വീകരിക്കാനായെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

ടി പി സി  25 ശതമാനം കടന്നാൽ അപകടം

എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോഴുണ്ടാകുന്ന ഗുണനിലവാരത്തകർച്ചയുടെ സൂചകമാണ് ടി പി സി. നിലവിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ടി പി സി 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാൻ പാടില്ല. ഭക്ഷ്യ എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോൾ അതിൽ രാസവിഘടനം സംഭവിക്കുകയും പോളാർ സംയുക്തങ്ങൾ ഉൾപ്പെടെയുള്ള വിഘടന ഉൽപ്പന്നങ്ങൾ രൂപപ്പെടുകയും ചെയ്യും. ഇത്തരത്തിൽ ഗുണമേന്മ നഷ്ടപ്പെട്ട എണ്ണയുടെ തുടർച്ചയായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
 
വലിയ അളവിൽ പാചക എണ്ണ ഉപയോഗിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങൾ എണ്ണയുടെ ഉപയോഗവും നിർമാർജനവും സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിക്കണം. ഉപയോഗിച്ച എണ്ണ അംഗീകൃത ഏജൻസികൾക്ക് ബയോഡീസൽ നിർമാണത്തിനായി കൈമാറണം.

ഓപ്പറേഷൻ തെളിമയുടെ ഭാഗമായി ആരംഭിച്ച പ്രത്യേക പരിശോധനകൾ തുടരുമെന്ന് മന്ത്രി കെ മുരളീധരൻ അറിയിച്ചു.  പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. കച്ചവടത്തിന്റെ പേരിൽ ജനങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഇക്കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാകില്ല.   നിയമലംഘനം സ്ഥിരീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img